Monday, January 16, 2017

ഹിമാലയന്‍ പൂക്കളുടെ താഴ് വരയിലൂടെ മഞ്ഞുമലകളിലേക്കുള്ള ഹൃദയഹാരിയായൊരു യാത്ര
http://mukham.com/archives/4250 
 


ഹിമാലയന്‍ പൂക്കളുടെ താഴ് വരയിലൂടെ മഞ്ഞുമലകളിലേക്കുള്ള ഹൃദയഹാരിയായൊരു യാത്ര, ലാച്ചങ്ങില്‍ നിന്നും യുമ്തങ്ങ് വാലിയിലൂടെ യുമെസാംദോങ്ങി(Yumesamdong)
ലേക്കുള്ള സഞ്ചാരം സ്വപന തുല്യം എന്നു വിശേഷിപ്പിച്ചാല്‍ അതിശയോക്തിയാവില്ല.  ചൈനീസ് അതിര്‍ത്തിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയാണ് യുമെസാംദോങ്ങ്. വര്‍ഷം മുഴുവന്‍ മഞ്ഞു മുടിക്കിടക്കുന്ന ഇവിടെ സഞ്ചാരികള്‍ക്ക് പോകാവുന്ന അതിര്‍ത്തി പ്രദേശം സിക്കീമിലെ സീറോപോയന്റ് എന്നറിയപ്പെടുന്നു. സിക്കീമിന്റെ തലസ്ഥാനമായ ഗാങ്ങ് ടോക്കില്‍ നിന്നും നൂറ്റിപതിനെട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ലാച്ചെങ്ങിലെത്താം.
നോര്‍ത്ത് സിക്കീമിലെ ഗുരുഡോങ്ങ്മാര്‍ തടാകം സന്ദര്‍ശിച്ച ശേഷം ലാച്ചനില്‍ നിന്നായിരുന്നു ഞങ്ങള്‍ വൈകിട്ട് ആറു മണിയോടെ  ലാച്ചെങ്ങിലെത്തിയത്.



യാത്രാക്ഷീണവും തണുപ്പും, രണ്ടോ മൂന്നോ കടകളും നാലഞ്ചു ലോഡ്ജുകളും അതിലെ ജോലിക്കാരുമൊഴിച്ചാല്‍ ആ ചെറു പട്ടണം വിജനമായിരുന്നു.   സ്വറ്ററും ഗ്ലൗസും അത്യാവശ്യ സ്റ്റേഷനറിസാധനങ്ങളും വില്‍ക്കുന്ന ചെറുകടയില്‍ ചായ കിട്ടില്ലെങ്കിലും മദ്യം പെഗ്ഗ് കണക്കില്‍ കിട്ടുമായിരുന്നു. ഇവിടുത്തെ പ്രദേശവാസികളില്‍ നേപ്പാളി,ലപാച്ച്,ബൂട്ടിയ ഭാഷക്കാരുണ്ട്. പിറ്റേദിവസത്തേക്ക് ഒരു ഗ്ലൗസ് വാങ്ങാന്‍ വിലപേശി നിന്നപ്പോഴായിരുന്നു  അത്യാവശ്യം ഇംഗ്ലീഷ് വശമുള്ള കച്ചവടക്കാരിയായ ബൂട്ടിയയുവതി ‘യു ആര്‍ എലോണ്‍’ എന്ന ചോദ്യമുതിര്‍ത്തത്‌. ഞാനൊന്നു പുഞ്ചിരിച്ചു,   കൂട്ടുകാരൊക്കെ മുറിയില്‍ വിശ്രമത്തീലാണെന്നു വിശദീകരിച്ച് ഗ്ലൗസും സിഗററും വാങ്ങി സിക്കീം റമ്മിന്റെ രുചിയും ആസ്വദിച്ച് മുറിയിലേക്കു മടങ്ങി.
രാത്രി ഒന്‍പതുമണിയോടെ ലോഡ്ജുകാരൊരുക്കിയ ചോറും ചിക്കന്‍ കറിയും കഴിക്കുമ്പോള്‍ സിക്കീമില്‍ കൃഷിക്ക് രാസവളവും കീടനാശിനിയും പ്രയോഗിക്കില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ചോറിന് സ്വാദ്കൂടിയോ എന്നു സംശയം. പരിചിതമല്ലാത്ത രസക്കൂട്ടുകളെക്കുറിച്ച് കൂടുതലാലോചിക്കാതെ വിശപ്പടക്കി. തണുപ്പു പുതച്ച ഇരുട്ടില്‍ പാതയോരത്തായി അങ്ങിങ്ങ് ചില പശുക്കള്‍ വഴികാട്ടികളെപ്പോലെ പരുങ്ങുന്നതൊഴിച്ചാല്‍ വിജനമായിരുന്നു ലാച്ചങ്ങ്. യാത്രാക്ഷീണവും തണുപ്പിന്റെ കാഠിന്യവും കാരണം കാലത്ത് എഴുനേല്‍ക്കുമ്പോള്‍ ആറുമണി, പുറത്ത ബഹളം കേട്ട് നോക്കിയപ്പോള്‍ ഗ്രൂപ്പിലുണ്ടായിരുന്ന കൊല്‍ക്കത്തക്കാരുടെ ഉച്ചത്തിലുള്ള സംസാരമാണ് റൂമില്‍ ചുടുവെള്ളം കിട്ടാത്തതാണ് പ്രശ്‌നം. ഗാങ്ങ്‌ടോക്കിലൊഴിച്ച് സിക്കീമിന്റെ പല ഭാഗങ്ങളിലും ഇതാണ് സ്ഥിതി, ലോഡ്ജുകളിലെ സൗകര്യങ്ങള്‍ പരിമിതമായിരിക്കും. നോര്‍ത്ത് സിക്കീമില്‍ പ്രത്യേകിച്ചും കാരണം അംഗീകൃത ടുര്‍ ഏജന്‍സികളുടെ പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്കു മാത്രമേ ഇവിടെ സഞ്ചാരികളുമായി വരാന്‍ അനുമതിയുള്ളു. അതുകൊണ്ട് അവര്‍ ഏര്‍പ്പെടുത്തുന്ന താമസസൗകര്യങ്ങളില്‍ യാത്രികര്‍ ഒതുങ്ങിക്കൂടും. ഉള്ളതുകൊണ്ട് ത്ൃപ്തിപ്പെടാം എന്നു തീരുമാനിച്ച് ധൃതിയില്‍ പ്രഭാതകൃത്യങ്ങളെല്ലാം നിര്‍വ്വഹിച്ച് ക്യാമറയുമായി പുറത്തേക്കിറങ്ങി.
കോടമഞ്ഞിലൂടെ അരിച്ചെത്തുന്ന പ്രഭാതസൂര്യനിലേക്ക് മിഴിയുയര്‍ത്തിയതും ക്ഷീണമെല്ലാം പറന്നകന്നു. ആകശത്തിന്റെ അതിരുകളിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍ ദൂരെ മഞ്ഞു പുതച്ചു നില്‍ക്കുന്ന ഹിമാലയന്‍ മലനിരകളില്‍ പ്രഭാതം വിതറുന്ന വെള്ളിവെളിച്ചം, പാതയോരത്തുകൂടി തുള്ളിയൊഴുകുന്ന നദിയുടെ ആരവം  നദിയുടെ അടുത്തുനിന്നുള്ള ദൃശ്യം പകര്‍ത്താനായി ആവേശത്തോടെ ഇരുമ്പു പാലത്തിനരികിലേക്ക് നടന്നു.


പാലത്തിനരികിലെത്തിയതും പട്ടാളട്രക്കുകള്‍ നിരനിരയായി വരാന്‍ തുടങ്ങി ഒരു വാഹനത്തിനുമാത്രം ഒരു സമയം പോകാന്‍ കഴിയുന്ന പാതയില്‍ കാല്‍ നടക്കാര്‍ക്കു പോലും വാഹനം പോയതിനുശേഷമേ കടക്കാന്‍ കഴിയൂ. ചൈനീസ് അതിര്‍ത്തി കാക്കുന്ന ജവന്‍ മാരുടെ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ നിന്നും വരികയാണ്. പട്ടാളക്കര്‍ക്കു പുറമേ കൂറ്റന്‍ കന്നാസുകളുമുണ്ട് വാഹനത്തില്‍. കൈവീശികാണിച്ചപ്പോള്‍ അവരുടെ വലിഞ്ഞു മുറുകിയ മുഖങ്ങളില്‍ സന്തോഷം വിരിയുന്നുണ്ടായിരുന്നു. വാഹനങ്ങള്‍ പോയിത്തീരാന്‍ കാത്തു നിന്നപ്പോള്‍ അക്ഷമ മനസ്സിനെ അസ്വസ്ഥമാക്കി.ഒരു വാഹനം പാലത്തില്‍ കയറി അപ്പുറത്തെത്തിയതിനുശേഷമേ അടുത്ത വാഹനം പാലത്തില്‍ പ്രവേശിക്കൂ അതാണ് വാഹനവ്യൂഹം കടന്നു പോകാന്‍ സമയമെടുക്കുന്നത്. മലയിടിച്ചില്‍ പതിവായ ഈ പ്രദേശങ്ങളില്‍ ഇതുപോലുള്ള പാലങ്ങളും സുലഭമാണ്. കച്ചവടസ്ഥാപനങ്ങളിലേക്കു പോകുന്ന രണ്ടു ബൂട്ടിയ യുവതികളും പാലത്തിനടുത്ത് കാത്തു നില്‍പ്പുണ്ടായിരുന്നു. ഹിമാലയന്‍ മലനിരകളുടെ കാഴ്ചകളും സൂര്യവെളിച്ചത്തില്‍ സമീപത്തു പലനിറങ്ങളില്‍ പ്രകാശിക്കുന്ന കുറ്റിച്ചെടികളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.



ഹിമാലയത്തിന്റെ അഗാധതയില്‍ നിന്നുള്ള ജലസ്രോതസ്സാണ് ഇതു വഴിയൊഴുകുന്ന നദിയെ വര്‍ഷം മുഴുവന്‍ സമ്പുഷ്ടമാക്കുന്നത്. ഒരു കാലത്ത് ടിബത്തു വഴിയുള്ള കച്ചവടത്തിന്റെ കേന്ദ്ര സ്ഥാനമായിരുന്നു ലാച്ചുങ്ങ്. എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ചൈനയുടെ കൈവശമായതോടെ ഇതു അവസാനിപ്പിച്ചു ഇപ്പോള്‍ ടുറിസമാണ് ഈ പ്രദേശത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം. സമുദ്രനിരപ്പില്‍ നിന്നു 9600 അടി ഉയരത്തിലാണ് ലാചുങ്ങിന്റെ കിടപ്പ്. ജനുവരി ഫിബ്രവരിമാസങ്ങളില്‍ ഇവിടെയാകെ മഞ്ഞു മൂടികിടക്കും. ഫോട്ടോയെടുപ്പ് മുഴുവനാകു മുന്‍പേ ഞങ്ങളുടെ വാഹനത്തിന്റെ ഹോണടി മുഴങ്ങി കേട്.ടു  മഞ്ഞു മലകള്‍  യുമ്‌സെമ്‌ഡൊങ്ങ് (yumesamdong) പ്രദേശത്തുള്ള സീറോ പോയന്റ് സന്ദര്‍ശിക്കാനുള്ള തിടുക്കത്തിലാണ് എല്ലാവരും പ്രഭാത ഭക്ഷണം  പോകുന്ന വഴി യുമ്തങ്ങ് വാലിയിലായിരുന്നു ഏര്‍പ്പാട് ചെയ്തിരുന്നത്.വേഗം നടന്ന് വാഹനത്തില്‍ കയറി ഡ്രൈവറുടെ അടുത്തു തന്നെ സീറ്റ് കിട്ടിയതുകൊണ്ട് കാഴ്ചകള്‍ കാണാന്‍ സൗകര്യമായി .


കയറ്റങ്ങളും ഇറക്കളും വളവും തിരിവും വീഴാനോങ്ങിനില്‍ക്കുന്ന പാറക്കല്ലുകളും ചെറുപ്പക്കാരനായ ഡ്രൈവര്‍ ചാതുര്യത്തോടെ വാഹനമോടിക്കുന്നുണ്ട് . മലനിരകള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും ഈ പ്രഭാത സവാരിയിലെ കാഴ്്ചക്കുമുമ്പില്‍ അതെല്ലാം നിഷ്പ്രഭമായിപ്പോയി, ഇടിഞ്ഞുതിരാന്‍ വെമ്പി നില്‍ക്കുന്ന മലനിരകളും ചുവപ്പും മഞ്ഞയും നിറം കലര്‍ന്ന കുറ്റിച്ചെടികളും പശ്ചാത്തലമായി അവിടവിടെ നിരന്നു നില്‍ക്കുന്ന മഞ്ഞുമലകളും പറഞ്ഞറിയിക്കാനാവാത്തൊരു നിര്‍വൃതിയാല്‍ ഉള്ളു നിറയുന്നതറിഞ്ഞു.


യുങ്ങതങ്ങില്‍ ടുറിസ്റ്റുകള്‍ക്കു വേണ്ടിയൊരുക്കിയ സ്റ്റാളുകള്‍ക്കു മുന്‍പില്‍ ആറോണ്‍ വണ്ടി നിര്‍ത്തി, ഇവിടെ നിന്നാണ് പ്രഭാത ഭക്ഷണം. അതോടൊപ്പം സീറോപോയന്റില്‍ ആവശ്യമുള്ള ഗംബൂട്ടുകളും ഓവര്‍ക്കോട്ടും ഗ്ലൗസില്ലാത്തവര്‍ക്ക് അതും ഇവടെ നിന്ന് വാടക്കെടുക്കാം. മഞ്ഞിലൂടെ നടക്കണമെങ്കില്‍ മുട്ടുവരെ എത്തുന്ന ബൂട്ട് അത്യാവശ്യം തന്നെ.


ചായയും ബ്രഡ്ഡും കഴിക്കുന്നതിനിടയില്‍ തന്നെ ഞങ്ങള്‍ ആവശ്യമുള്ള ബൂട്ടും മറ്റത്യാവശ്യ വസ്തുക്കളും വാങ്ങി. കമ്പിളിയുല്‍പന്നങ്ങളും ബുദ്ധിസ്റ്റ് മന്ത്രങ്ങള്‍ ആലേഖനം ചെയ്ത കൗതുകവസ്തുക്കളും ഇവിടുത്തെ സ്റ്റാളുകളില്‍ ലഭിക്കും. ബൂട്ടും കോട്ടും 50 രൂപ കൊടുത്താല്‍ വാടകക്ക് കിട്ടും മടക്കയാത്രയില്‍ തിരിച്ചേല്‍പിച്ചാല്‍ മതി. പാതക്കിരുവശത്തുമായുള്ള താല്‍ക്കാലിക ഷെഡ്ഡിലാണ് കച്ചവടം ഈ പ്രദേശത്ത്



സ്ഥിരവാസത്തിനുള്ളകെട്ടിടങ്ങളൊന്നുമില്ല. ആകെയുള്ളത് ചെക്‌പോസ്റ്റിലെ പോലീസ് ബങ്കര്‍ മാത്രം. ഞങ്ങളുടെ ഗ്രൂപ്പിലുള്ളവര്‍ കിട്ടിയ സമയം അങ്ങിങ്ങയി നടക്കുകയാണ്. ഇനിയും 25 കിലോമീറ്റര്‍ സഞ്ചരിക്കണം സീറോ പോയന്റിലെത്താന്‍. അവിടവിടെ പൂക്കള്‍ പറിക്കരുതെന്നുള്ള മുന്നറിയിപ്പു ബോര്‍ഡുണ്ട്. സവിശേഷതരം പൂക്കള്‍ കുറ്റിച്ചെടിയില്‍ വിരിയുന്നത് ചുവപ്പ് മഞ്ഞവയലറ്റു നിറങ്ങളിലുള്ളത് യുംങ്ങ് തങ്ങ് വാലിയുടെ പ്രത്യേകതയാണ്. ഏപ്രില്‍ മെയ്മാസത്തില്‍ താഴ്വാരത്തില്‍ പകൃതി ആണിയിച്ചൊരുക്കുന്ന പൂമെത്ത കാണാന്‍ മാത്രം ധാരാളം സഞ്ചാരികളെത്താറുണ്ട്. ജനുവരി ഫിബ്രവരി മാസങ്ങളില്‍ കഠിനമായ മഞ്ഞു വീഴ്ചയുണ്ടകുന്നതുകൊണ്ട് സഞ്ചാരികളെ അനുവദിക്കാറില്ല. ടുറിസ്റ്റ് സ്റ്റാളുകളിലെല്ലാം സ്ത്രീകളാണ് കച്ചവടം നിയന്ത്രിക്കുന്നത്. ഇവിടെയും അല്പം ചുടാക്കണമെന്നുള്ളവര്‍ക്ക് പെഗ്ഗ് കണക്കിന് മദ്യം ലഭിക്കും വിലയും കുറവാണ് 40 രൂപ കൊടുത്താല്‍ 60 മില്ലി സിക്കീം റം കിട്ടും. എവിടേക്ക് ക്യാമറ തിരിച്ചാലും മനോഹരമായ ദൃശ്യങ്ങള്‍ ലഭിക്കുന്നതുകൊണ്ട് ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇവിടം സ്വര്‍ഗ്ഗതുല്യം സംശയമില്ല.


അരമണിക്കൂര്‍ കൊണ്ട് അത്യാവശ്യങ്ങളെല്ലാം നിര്‍വ്വഹിച്ച് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നചൈനീസ് അതിര്‍ത്തി പ്രദേശത്തേക്കു യാത്ര തിരിച്ചു. ഇതുവരെ മഞ്ഞുമലകള്‍ ദൂരംകാഴ്ചകളായിരുന്നെങ്കില്‍ ശരിക്കും മഞ്ഞില്‍ പാദമൂന്നി പ്രകൃതിയുടെ നൈസര്‍ഗ്ഗികമായ ചാരുത തൊട്ടറിയാനുള്ള ആവേശത്തിലായിരുന്നു ഞങ്ങള്‍ റോഡില്‍ ചിലയിടങ്ങളിലെല്ലാം മലയിടിച്ചിലിന്റെ ബാക്കി പത്രമായ ഉരുളന്‍ പാറകള്‍. കൂലൂങ്ങിതെറിച്ചുള്ള യാത്രകളുടെ വൈഷമ്യങ്ങളെല്ലാം പുറം കാഴ്ചകളില്‍ അലിഞ്ഞില്ലാതാവുന്നു ഉയരം കൂടുന്നതും തണുപ്പ് കൂടുന്നതുമെല്ലാം ഒരാവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു യാത്രികര്‍.പാതകളുടെ ഉയരം കൂടിയ മൂലകളില്‍ പലയിടത്തും ബുദ്ധിസ്റ്റുകളുടെ മന്ത്രാക്ഷരങ്ങള്‍ രേഖപ്പെടുത്തിയ പതാകകള്‍ മഞ്ഞ,പച്ച,നീല,ചുകപ്പ് നിറങ്ങളില്‍ പാറിക്കളിച്ചിരുന്നത് കാഴ്ചക്ക് കൗതുകവും മനസ്സിനാശ്വാസവും പകരും. വിജനമായ പാതകളില്‍ രക്ഷകരെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പകരും ഈ പതാകകള്‍.
ഒരു കയറ്റം കയറിയതും മുന്നിലതാ സീറോപോയന്റില്‍ നിന്നും തിരിച്ചു വരുന്ന വാഹനം കേടായി നിര്‍ത്തിയിരിക്കുന്നു. ആറോണ്‍ വണ്‍ി നിര്‍ത്തി അവരോടു കാര്യങ്ങള്‍ തിരക്കി. ഇത്തരം ദുര്‍ഘട സന്ധിയില്‍ ഡ്രൈവര്‍ മാരുടെ പരസ്പര സഹായം പ്രധാനമാണ്. ഒരു മെക്കാനിക്കു കൂടിയായ ആറോണ്‍ ആ വാഹനത്തിന്റെ റിപ്പയറില്‍ മുഴുകി. ഞങ്ങളാകട്ടെ പുറത്തിറങ്ങി പരിസരം ആസ്വദിക്കാനും തുടങ്ങി പലരും മതിലരുകില്‍ ഉറഞ്ഞു കൂടിയ മഞ്ഞെടുത്ത് ബോള്‍ രൂപത്തിലാക്കി എറിഞ്ഞു കളിക്കുന്നുണ്ടായിരുന്നു.


ഇരുപതു മിനിറ്റോളം അവിടെ നിര്‍ത്തിയിടേണ്ടി വന്നു,എങ്കിലും എതിരെ വന്ന വാഹനത്തിന്റെ  തകരാര്‍ മാറി എഞ്ചിന്‍ മുരണ്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. തുടര്‍ന്ന് അതിവേഗം ഞങ്ങള്‍ സീറോപോയന്റിലെത്തി. മഞ്ഞു നിരകളിലൂടെ വീശിയടിക്കുന്ന ശീതക്കാറ്റ്, പുറത്തിറങ്ങി കാലവസ്ഥയോടു പൊരുത്തപ്പെടാന്‍ കുറച്ചു സമയമെടുത്തു. എല്ലാവരു തൊപ്പിയെല്ലാം ചെവിമൂടുവിധം ഉറപ്പിച്ചു മാസ്‌ക് കയ്യിലുള്ളവര്‍ അതു ഉപയേഗിച്ചു. അവിടേയും ചായയും മദ്യവും കിട്ടുന്ന തട്ടുകടയുണ്ടായിരുന്നു. ഒരു തയ്യാറെടുപ്പെന്നോണം ഒരു പെഗ്ഗ് സിക്കീം റം പറഞ്ഞു ഫ്‌ളാസ്‌കില്‍ നിന്നും അവര്‍ ചൂടുവെള്ളം ഒഴിച്ചു തന്നപ്പോള്‍ കട്ടന്‍ ചായ കുടിക്കുന്ന ലാഘവത്തോടെ മദ്യം അകത്താക്കി. അവിടുത്തെ ശീതക്കാറ്റിനെ ചെറുക്കാന്‍ ഉത്തമം തന്നെയായിരുന്നു ആ മദ്യം. സഞ്ചാരികളുമായെത്തിയ നാലഞ്ചു വാഹനങ്ങളില്‍ ചിലത് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. 11 മണിയോടെ തട്ടുകടകച്ചവടക്കാരടക്കം ഇവിടെ നിന്നു മടങ്ങും ഉച്ചക്കു ശേഷം പ്രവചനാതീതമാണ് ഇവിടുത്തെ കാലാവസ്ഥ. റോഡില്‍ കോടയിറങ്ങയാല്‍ ദുര്‍ഘടപാതയില്‍ വാഹനമോടിക്കല്‍ ദുഷ്‌ക്കരമാണ്.


സമുദ്രനിരപ്പില്‍ നിന്നും 15300 അടിഉയരത്തിലാണ് സീറോപോയന്റ് സ്ഥിതചെയ്യുന്ന യുമെസാംദോങ്ങ് പ്രദേശം. ഞങ്ങളുടെ ഗ്രൂപ്പിലുണ്ടായിരുന്ന ചിലര്‍ ശീതക്കാറ്റു സഹിക്കാനാവാതെ പുറത്തിറങ്ങിയില്ല. മഞ്ഞുരുകിയൊഴുകുന്ന നീര്‍ച്ചാലിനുമുകളില്‍ കെട്ടിയുയര്‍ത്തിയ മരപ്പാലത്തിലൂടെ ഞങ്ങള്‍ മഞ്ഞില്‍ മദം കൊള്ളുവാനായി നടന്നു നീങ്ങി പത്തു നാല്‍പ്പതു പേര്‍ അവിടവിടെയായി മഞ്ഞില്‍ നിരങ്ങയു കിടന്നും ഫോട്ടോക്ക് പോസു ചെയ്യുന്നു. സാഹസികരായ ചെറുപ്പക്കാര്‍ കുഞ്ഞു മലകളുടെ ഉച്ചിയില്‍ കയറുന്നു. പ്രകൃതി നല്‍കിയ ആ അത്യാവേശത്തില്‍ കെട്ടിപ്പിടിക്കുന്നവരും പരസ്പരം ഉമ്മവച്ചു രസിക്കുന്നവരേയും അവര്‍ക്കിടയില്‍ കാണാനായി. വാക്കു കള്‍ കൊണ്ട് വിവരിക്കാനാവാത്ത വിധമൊരനുഭൂതിതന്നെയായിരുന്നു അത് .


ഈ കുറിപ്പെഴുതുമ്പൊള്‍ ഒരിക്കല്‍ കൂടി അവിടെ സന്ദര്‍ശിക്കാനായെങ്കില്‍ എന്നു കൊതിച്ചു പോകുന്നു. കോടമഞ്ഞു ചുബിച്ചു നില്‍ക്കുന്ന മല നിരകളുടെ  നിറ സൗന്ദര്യം കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ നിറക്കുന്നു. കമിതാക്കളുടെ ചുണ്ടുകളില്‍ ആവേശത്തിന്റെ തിരയിളക്കിയത് പ്രകൃതിയുടെ അനുഗ്രഹീത കടാക്ഷം തന്നെ. 70 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടം കടലിനടിത്തട്ടായിരുന്നെന്നോര്‍ത്തപ്പോള്‍ നിരന്തരം നടക്കുന്ന പ്രപഞ്ചചലനങ്ങളുടെ വ്യാപ്തിയെ എങ്ങിനെ വിശേഷിപ്പിക്കണമെന്നറിയാത്ത സന്ദേഹിയാവുന്നു ഞാന്‍.
മടക്കയാത്രയെ ഉഷ്മളമാക്കാന്‍ പര്യാപ്തമായിരുന്നു സിക്കീമിലെ സീറോപോയന്റ് അനുഭവം. വാഹനത്തിലേക്കു തിരിച്ചു കയറുമ്പോള്‍ എല്ലാവരുടേയും കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കം. തിരിച്ചു വരുമ്പോള്‍ യുമ്തങ്ങ് വാലിയിറങ്ങി ടീസ്റ്റാ നദിയില്‍ സംഗമിക്കുന്ന ലാചുങ്ങ് നദിയുടെ സൗന്ദര്യം കൂടി ആസ്വദിച്ച ശേഷമാണ് ഗാങ്ങ്‌ടോക്കിലേക്കുള്ള മടക്കയാത്രആരംഭിച്ചത്.





Tuesday, January 3, 2017

http://mukham.com/archives/4080


 യാത്രാവിവരണം













സിക്കീം യാത്രയില്‍ നിന്ന്. ചിത്രങ്ങള്‍ -  രമേശ് ബാബു മാണിക്കോത്ത്‌
 




@ Pelling ,Sikkim